“Ahlan Modi’: പ്രധാനമന്ത്രി മോദി ഈ മാസം 13ന് അബുദാബിയിലെത്തും; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്

ഫെബ്രുവരി 13, 14 തീയതികളിലായി അബുദാബിയില്‍ രണ്ട് പ്രധാന പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. ഷെയ്ഖ് സായിദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന 'അഹ്ലന്‍ മോദി' സ്വീകരണ പരിപാടിക്ക് ശേഷം തൊട്ടടുത്ത ദിവസം യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിര്‍ അദ്ദേഹം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 2019 ഏപ്രില്‍ 20നാണ് ക്ഷേത്ര നിര്‍മാണം ആരംഭിച്ചത്.

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഫെബ്രുവരി 13ന് അബുദാബിയിലെത്തും. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ 13ന് നടക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി പരിപാടിയായ ‘അഹ്ലന്‍ മോദി’യെ (മോദിക്ക് സ്വാഗതം) അഭിസംബോധന ചെയ്യുന്ന അദ്ദേഹം തൊട്ടടുത്ത ദിവസം അബുദാബിയില്‍ പുതുതായി നിര്‍മിച്ച ബാപ്‌സ് ഹിന്ദു ക്ഷേത്രത്തില്‍ നടക്കുന്ന സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനവും രണ്ട് പ്രധാന പരിപാടികളും പ്രമാണിച്ചുള്ള ഒരുക്കങ്ങള്‍ യുഎഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം പൂര്‍ത്തിയാക്കിവരികയാണ്. പ്രധാനമന്ത്രി മോദിയുടെ യുഎഇ സന്ദര്‍ശനം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പതിനായിരക്കണക്കിന് ആളുകള്‍ അഹ്ലന്‍ മോദി സ്വീകരണ പരിപാടിയില്‍ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ പറഞ്ഞു.

യുഎഇയില്‍ നിര്‍മിച്ച ആദ്യ ഹൈന്ദവ ശിലാക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിര്‍ ഫെബ്രുവരി 14ന് സ്വാമി മഹാരാജും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുമെന്ന് ബാപ്‌സ് സ്വാമിനാരായണ സന്‍സ്തയുടെ പ്രസ്താവനയില്‍ പറയുന്നു.

2019 സെപ്റ്റംബര്‍ 22ന് ടെക്സാസിലെ ഹൂസ്റ്റണില്‍ ‘ഹൗഡി, മോദി!’ എന്ന പേരില്‍ സംഘടിപ്പിച്ച കമ്മ്യൂണിറ്റി പരിപാടിയെ പ്രധാനമന്ത്രി മോദിയും അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അഭിസംബോധന ചെയ്തിരുന്നു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More