മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിലേക്ക്; ജന്ദര്‍മന്തറിൽ പ്രതിഷേധ പ്രകടനം, ഇടത് എംഎൽഎമാരും പങ്കെടുക്കും

കേന്ദ്രസർക്കാർ സംസ്ഥാനത്തെ അവഗണിക്കുകയാണെന്നും ജനങ്ങളോട് കാണിക്കുന്ന നീതികേടിനുമെതിരെ സംഘടിപ്പിച്ച സമരങ്ങളുടെ തുടർച്ചയെന്നോണമാണ് ഡൽഹിയിലെ പ്രതിഷേധമെന്ന് ഇടതുമുന്നണി കൺവീനർ ജയരാജൻ

തിരുവനന്തപുരം: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിലേക്ക്. ഫെബ്രുവരി 8ന് രാവിലെ 11 മണിക്ക് ഡൽഹി ജന്ദര്‍മന്തറിൽ എൽഡിഎഫിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടക്കും. കേന്ദ്രസർക്കാരിന്‍റെ അവഗണനയ്‌ക്കും കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന നീതികേടിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ സംഘടിപ്പിച്ച ബഹുജന സമരങ്ങളുടെ തുടർച്ചയായാണ് ഡൽഹിയിൽ കേരളത്തിന്‍റെ പ്രതിഷേധമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു.

ഡൽഹി കേരള ഹൗസിന്‍റെ മുന്നിൽനിന്ന് ജാഥയായി പുറപ്പെട്ട് ജന്തർമന്തറിലെത്തുന്ന സമരത്തിൽ മുഖ്യമന്ത്രിയും കേരളത്തിലെ എല്ലാ മന്ത്രിമാരും പങ്കെടുക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മുഴുവൻ എംഎൽഎമാരും രാജ്യസഭയിലെയും ലോക്സഭയിലെയും എംപിമാരും സമരത്തിൽ പങ്കെടുക്കും. എൽഡിഎഫിന്‍റെ സമരമായി മാറരുതെന്നാണ് മുന്നണി ആഗ്രഹിക്കുന്നത്. കേരള ജനതയുടെ സമരമാണെന്ന് ഇടതുമുന്നണി കൺവീനർ പറഞ്ഞു.

കേരളത്തിന്‍റെ വികസനവും കേരള ജനതയുടെ അഭിവൃദ്ധിയും ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന എല്ലാവരും ഈ സമരവുമായി സഹകരിക്കണം. പ്രതിപക്ഷത്തിനും പ്രതിഷേധത്തിലേക്ക് ക്ഷണമുണ്ട്. മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്ത് കേരളത്തിലെ പ്രതിപക്ഷ നേതാക്കളുമായി ഇതിനുവേണ്ടി ചർച്ച നടത്തി. കേന്ദ്രസർക്കാരിന്‍റെ നയങ്ങൾക്കെതിരായി നടത്തുന്ന സമരത്തിൽ യുഡിഎഫ് എംഎൽഎമാരും എംപിമാരും പങ്കാളികളാകണമെന്നാണ് എൽഡിഎഫ് അഭ്യർഥിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പ്രക്ഷോഭ വിവരം അറിയിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.

ഡൽഹിയിലെ സമരത്തിന്‍റെ ഭാഗമായി എട്ടാം തീയതി വൈകിട്ട് 4 മുതല്‍ 6 മണിവരെ ബൂത്ത് അടിസ്ഥാനത്തില്‍ ഇടതു മുന്നണിയുടെ നേതൃത്വത്തിൽ ഗൃഹസന്ദര്‍ശനം നടത്തി കേരളത്തോടുള്ള കേന്ദ്രസർക്കാരിന്‍റെ അവഗണ വിശദീകരിക്കുകയും എല്ലാവരോടും സഹായവും സഹകരണവും അഭ്യർഥിക്കുകയും ചെയ്യും. എല്ലാ മേഖലകളിലുള്ള എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും സഹായവും സ്വീകരിച്ചുകൊണ്ട് കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും സദസ്സുകൾ സംഘടിപ്പിക്കും.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More