മോഹൻ ശങ്കറിനുണ്ടായ തിക്താനുഭവം പത്മജയ്ക്കും അനിൽ ആന്റണിക്കും ഉണ്ടാകും: ചെറിയാൻ ഫിലിപ്പ്

2024 Lok Sabha Elections: പത്മജ വേണുഗോപാലും അനിൽ ആന്റണിയും തന്നെപ്പോലെ കോൺഗ്രസ്സിലേക്ക് തിരികെ എത്തുമെന്ന് ചെറിയാൻ ഫിലിപ്പ്. ബിജെപിയിലേക്ക് പോയ ആർ ശങ്കറിന്റെ മകൻ മോഹൻ ശങ്കറിനുണ്ടായ തിക്താനുഭവം ഇവർക്കുമുണ്ടാകും. രണ്ടുപേരും തന്നെപ്പോലെ കോൺഗ്രസ്സിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും തന്നെപ്പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ ശങ്കറിന്റെ മകൻ മോഹൻ ശങ്കറിനുണ്ടായ തിക്താനുഭവം കരുണാകരന്റെയും ആന്റണിയുടെയും മക്കൾക്കും ഉണ്ടാകും. ബിജെപിയിൽ ചേർന്ന മോഹൻ ശങ്കർ പിന്നീട് കോൺഗ്രസ്സിലേക്ക് തിരിച്ചെത്തിയ സംഭവമാണ് ചെറിയാൻ ഫിലിപ്പ് ഓർമ്മിപ്പിച്ചത്.

കോൺഗ്രസ് കുടുംബത്തിലുള്ള സ്നേഹവും ആദരവും പരിഗണനയും മറ്റൊരു പാർട്ടിയിലും ലഭിക്കില്ല. താല്ക്കാലികമായി സ്ഥാനമാനങ്ങൾ നൽകുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാൾ പ്രദർശന വസ്തുവായി കൊണ്ടു നടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയും. ബി.ജെ.പിയിലേക്ക് വരുന്നവരുടെ കൂടെ നിഴൽ പോലുമില്ലെന്ന് മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ പരിഹസിച്ചത് അവരുടെ പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞു.

വികാരവിക്ഷോഭത്തിൽ കോൺഗ്രസ് വിട്ട തനിക്ക് രാഷ്ട്രീയജീവിതം തന്നെ ഹോമിക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോൾ കോൺഗ്രസിന്റെ എല്ലാ തലങ്ങളിൽ നിന്നും ലഭിക്കുന്ന സ്നേഹവും വിശ്വാസവും പിന്തുണയും അത്ഭുതകരമാണ്. പഴയ ത്യാഗവും അദ്ധ്വാനവും പാരമ്പര്യവും കോൺഗ്രസിൽ ഇപ്പോഴും തന്റെ മൂലധനമായി കണക്കാക്കുന്നു.

മികച്ച കാലാവസ്ഥയിൽ വളക്കൂറുള്ള മണ്ണിൽ വളരുന്ന ചെടി വേരോടെ പിഴുതെടുത്ത് മറ്റൊരിടത്തു നട്ടാൽ കരിഞ്ഞു പോകുമെന്നതാണ് കോൺഗ്രസ് വിട്ടു പോകുന്നവർക്കുളള ഗുണപാഠമെന്നും അദ്ദേഹം വിശദീകരിച്ചു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More