കാത്തിരിപ്പ് തുടരുന്നു; ഗോവ വന്ദേ ഭാരത് എന്നെത്തും കോഴിക്കോടേക്ക്? തിരുവനന്തപുരം വന്ദേ ഭാരത് മംഗളൂരുവിലേക്ക് സർവീസ് തുടങ്ങി

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ടൂറിസം മേഖലയ്ക്ക് കൂടി സഹായകരമാകുന്ന സർവീസായി സെമി ഹൈസ്പീഡ് ട്രെയിൻ മാറും. മംഗലാപുരം - മഡ്ഗാവ് റൂട്ടിൽ വന്ദേ ഭാരത് പ്രഖ്യാപിച്ചപ്പോൾ തന്നെ കേരളത്തിലേക്ക് നീട്ടണമെന്ന അഭിപ്രായം ഉയർന്നിരുന്നു.

കോഴിക്കോട്: തിരുവനന്തപുരം വന്ദേ ഭാരത് മംഗളൂരുവിലേക്ക് സർവീസ് ആരംഭിച്ചെങ്കിലും കോഴിക്കോടേക്ക് നീട്ടുമെന്ന് പറഞ്ഞ ഗോവ – മംഗളൂരു വന്ദേ ഭാരതിന്‍റെ കാര്യത്തിൽ തീരുമാനമായില്ല. കഴിഞ്ഞ മാസം ആദ്യമായിരുന്നു മഡ്ഗാവ് – മംഗളൂരു വന്ദേ ഭാരത് കോഴിക്കോടേക്ക് സർവീസ് നീട്ടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും ഇത് യാഥാർഥ്യമായിട്ടില്ല. അതിനിടെ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് മംഗളൂരുവിലേക്ക് നീട്ടുകയും ചെയ്തു.

20631/20632 വന്ദേ ഭാരത് സർവീസാണ് ഇന്നലെ മംഗളൂരുവിൽ നിന്ന് സർവീസ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായിട്ടാണ് വന്ദേ ഭാരത് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നിലവിൽ നിർത്തുന്ന എല്ലാ സ്റ്റോപ്പുകളിലും നിർത്തി പഴയ സമയക്രമം പാലിച്ച് തന്നെയാണ് സർവീസ് നടത്തുന്നത്. രാവിലെ ഏഴിന് കാസർകോട് നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി രാവിലെ 6:25 മംഗളൂരുവിൽ നിന്ന് പുറപ്പെടും. മടക്കയാത്ര രാത്രി 11:45ന് കാസർകോട് സർവീസ് അവസാനിപ്പിച്ചതിന് പകരം 12:40ന് മംഗളൂരുവിലേക്കെത്തും.

വടക്കൻ മലബാറിലുള്ളവർക്ക് ഏറെ സഹായകമാകുന്ന സർവീസാണ് തിരുവനന്തപുരം വന്ദേ ഭാരത് മംഗളൂരുവിലേക്ക് നീട്ടിയത്. എന്നാൽ അതിന് മുന്നേ പ്രഖ്യാപിച്ച ഗോവ വന്ദേ ഭാരത് കോഴിക്കോടേക്ക് ദീർഘിപ്പിക്കാത്തത് എന്താണെന്ന ചോദ്യം ബാക്കിയാവുകയാണ്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കോഴിക്കോട് എംപി എംകെ രാഘവനോടാണ് വന്ദേ ഭാരത് സർവീസ് നീട്ടുമെന്ന് അറിയിച്ചിരുന്നത്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More