മലയാളികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു; റെയിൽപ്പാതയിലെ വളവുകൾ മൂന്ന് മാസത്തിനകം നിവർത്തും; ഇനി 110 കി.മീ വേഗതയിൽ കുതിക്കും

സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗത ഉയർത്താനുള്ള നടപടികളാണ് റെയിൽവേയുടെ നേതൃത്വത്തിൽ നടക്കുന്നത്. ആദ്യഘട്ട പ്രവർത്തനങ്ങൾ മൂന്നുമാസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

തിരുവനന്തപുരം: മലയാളികളുടെ ട്രെയിൻ യാത്രവേഗത ഉയർത്തുന്ന റെയിൽപ്പാതയിലെ വളവുകൾ നിവർത്തുന്ന നടപടികൾ മൂന്ന് മാസത്തിനകം പൂർത്തിയാകുമെന്ന് ഇന്ത്യൻ റെയിൽവേ. തിരുവനന്തപുരം – മംഗളൂരു പാതയിലെ വളവുകൾ നിവർത്തുന്ന നടപടികൾ ഇതനോടകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും മൂന്ന് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാകുമെന്നും റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ മനീഷ് തപ്ലിയാലാണ് പറഞ്ഞത്. വളവുകൾ നിവരുന്നതോടെ 110 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും.

ഘട്ടം ഘട്ടമായി കേരളത്തിലെ ട്രെയിനുകളുടെ വേഗത ഉയർത്തുകയെന്ന ലക്ഷ്യവുമായാണ് റെയിൽവേ മുന്നോട്ടുപോകുന്നത്. ആദ്യം 110 കിലോമീറ്ററായും പിന്നീട് 130 കിലോമീറ്ററായും ട്രെയിനുകളുടെ വേഗത ഉയർത്തും. പിന്നീട് ഇത് 160 കിലോമീറ്ററാക്കി ഉയർത്തുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

സമയം പ്രശ്നങ്ങൾ ഒഴിവാക്കാൻ ഭൂമി ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത പ്രവൃത്തികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ട്രെയിനുകള്‍ക്ക് വേഗം കൂട്ടാന്‍ കഴിയുന്ന തരത്തില്‍ വളവുകള്‍ നിവര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും റെയിൽവേ ഡിവിഷണൽ മാനേജർ പറഞ്ഞു. തങ്ങളുടെ ഡിവിഷന് കീഴിലെ റെയിൽവേ ലൈനുകളിൽ അനുവദനീയമായ പരമാവധി വേഗത 110 കിലോമീറ്ററാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More