കേരളം പൊള്ളും; എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, കോട്ടയം, പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കഴിഞ്ഞദിവസങ്ങളിലും ഉയർന്ന താപനില മുന്നറിയിപ്പുണ്ടായിരുന്ന. കൊടുംചൂടാണ് സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്നത്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നിലവിലെ ഉയർന്ന ചൂട് സൂര്യാഘാതം, നിർജലീകരണം, സൂര്യാതപം തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാൻ സാധ്യതയുണ്ട്. പകൽ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് കൂടുതൽ നേരം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ഗർഭിണികൾ, കിടപ്പ് രോഗികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ, രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ, കുട്ടികൾ തുടങ്ങിയ വിഭാഗങ്ങൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കണം

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയ കൂടുതൽ ഉപയോഗിക്കുന്നത് നന്നായിരിക്കും. യാത്ര ചെയ്യുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരണം. വെള്ളം കയ്യിൽ കരുതുകയും വേണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കേണ്ടതുണ്ട്. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കണം.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More