കേരളത്തിലും കുതിച്ചുപായാൻ വന്ദേ മെട്രോ; എറണാകുളം – കോഴിക്കോട് ഉൾപ്പെടെ ഈ റൂട്ടുകൾക്ക് സാധ്യത; ഒരു കോച്ചിൽ 300 പേർക്ക് പോകാം

മെമു ട്രെയിനുകൾക്ക് പകരക്കാരനായി വന്ദേ മെട്രോ ഉടനെത്തുമെന്നാണ് ഇന്ത്യൻ റെയിൽവേ പറയുന്നത്. അതേസമയം കേരളത്തിൽ വന്ദേ മെട്രോ വിജയകരമായി ഓടിക്കാൻ കഴിയുന്ന റൂട്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം

കൊച്ചി: രണ്ട് മാസത്തിനുള്ളിൽ ആദ്യത്തെ വന്ദേ മെട്രോ പുറത്തിറക്കുമെന്ന് ഐസിഎഫ് ജനറൽ മാനേജർ വ്യക്തമാക്കിയിരിക്കുകയാണ്. ഇന്‍റർസിറ്റി സർവീസുകൾക്കായി എത്തുന്ന സെമി ഹൈസ്പീഡ് ട്രെയിൻ ഹ്രസ്വദൂര റൂട്ടുകളിലെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ റേക്ക് മാർച്ചോടെ പുറത്തിറങ്ങുമെന്ന വാർത്ത പുറത്ത് വന്നതോടെ വന്ദേ മെട്രോ ഏതൊക്കെ റൂട്ടിലാകും സർവീസ് നടത്തുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മെമു ട്രെയിനുകൾക്ക് പകരമായാകും വന്ദേ മെട്രോ അവതരിപ്പിക്കുകയെന്ന് റെയിൽവേ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ എറണാകുളം – കോഴിക്കോട് ഉൾപ്പെടെ വന്ദേ മെട്രോ എത്താൻ സാധ്യതയുള്ള റൂട്ടുകൾ പരിശോധിക്കാം.

130 കിലോമീറ്റർ പരമാവധി വേഗതയുള്ള വന്ദേ മെട്രോ 300 കിലോമീറ്റർ ദൂരപരിധിയിൽയാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്യുന്നത്. 250 – 300 കിലോമീറ്റർ വരെ ദൂരപരിധിയുള്ള റൂട്ടിലാകും ഇവ സർവീസ് നടത്തുക. നേരത്തെ 100 കിലോമീറ്റർ വരുന്ന ദൂരപരിധിയിൽ മാത്രമാകും വന്ദേ മെട്രോ സർവീസെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും 300 കിലോമീറ്റർ ദൂരപരിധിയിൽ സർവീസ് നടത്താൻ കഴിയുമെന്ന് ഐസിഎഫ് തന്നെ വ്യക്തമാക്കി കഴിഞ്ഞു.

എറണാകുളം – കോഴിക്കോട് റൂട്ടിൽ വന്ദേ മെട്രോ സർവീസ് ആരംഭിച്ചാൽ ഇത് വിജയകരമാകുമെന്ന് ഉറപ്പാണ്. കോഴിക്കോട് – പാലക്കാട്, പാലക്കാട് – കോട്ടയം, എറണാകുളം – കോയമ്പത്തൂർ, തിരുവനന്തപുരം – എറണാകുളം, കൊല്ലം – തൃശൂർ, മംഗളൂരു – കോഴിക്കോട് എന്നീ റൂട്ടുകളിലാണ് വന്ദേ മെട്രോയ്ക്ക് സാധ്യതയുള്ളത്. ദക്ഷിണ റെയിൽവേ റെയിൽവേ ബോർഡിന് നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ ട്രെയിൻ സർവീസുകൾ ആരംഭിക്കുകയുള്ളൂ.

വന്ദേ ഭാരതിന്‍റെ മിനി പതിപ്പായ വന്ദേ മെട്രോയിലും അത്യാധുനിക സൗകര്യങ്ങളാണ് ഉൾക്കൊള്ളിക്കുന്നത്. വന്ദേ ഭാരതിൽ യാത്രക്കാർക്ക് നിന്ന് പോകാനുള്ള സൗകര്യം ഇല്ല. പക്ഷേ വന്ദേ മെട്രോയിൽ ഇതുണ്ടാകും. വന്ദേ മെട്രോയുടെ ഓരോ കോച്ചിലും 100 സീറ്റുകളും 200 യാത്രക്കാർക്ക് നിന്ന് യാത്ര ചെയ്യാനുള്ള സ്ഥലവുമാണ് ഉണ്ടാകുക. ഒരു കോച്ചിൽ ഒരേസമയം 300 പേർക്ക് യാത്ര ചെയ്യാൻ കഴിയുമെന്ന് ചുരുക്കം.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More