അർധരാത്രിയിൽ ഭാര്യവീട്ടിലെത്തി വഴക്കിട്ട് യുവാവ്, പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യ; സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ടയിൽ ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് ആത്മഹത്യ ചെയ്തു.
പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയിൽ ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയിലാണ് സംഭവം. വിവാഹമോചനക്കേസടക്കം ഇരുവരും തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നതായി പറയുന്നു.
ഇന്നലെ രാത്രിയിലാണ് ഹാഷിം ചങ്ങനാശേരിയിൽനിന്ന് വലഞ്ചുഴിയിലെ ഭാര്യവീട്ടിൽ എത്തിയത്. ഏറെ നേരം വഴക്കിട്ട ശേഷം കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തുതന്നെ ഹാഷിം മരണപ്പെട്ടു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഹാഷിം ഭാര്യവീട്ടുകാരുമായി വഴക്കിടുന്നത് പതിവാണെന്ന് പോലീസ് പറയുന്നു.